
ദോഹ: 2026-ലെ ഖത്തർ ദേശീയ ദിന പ്രമേയമായ "നിങ്ങളാണ് രാജ്യത്തിന്റെ നിധി" വരുംതലമുറയ്ക്ക് തുടർച്ചയായ പ്രവർത്തനങ്ങൾക്കും സമർപ്പണത്തിനുമുള്ള ആഹ്വാനമാണെന്ന് പൗരന്മാർ അഭിപ്രായപ്പെട്ടു. മുൻഗാമികൾ നൽകിയ ദേശീയ പാരമ്പര്യത്തോടുള്ള ആദരവും രാജ്യത്തിന്റെ ഭാവിയിലുള്ള ഉറച്ച വിശ്വാസവുമാണ് ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രാദേശിക പത്രത്തിന് നൽകിയ പ്രതികരണത്തിൽ പൗരന്മാർ ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ യഥാർത്ഥ സമ്പത്ത് അവിടുത്തെ ജനങ്ങളാണെന്നും വികസനത്തിന്റെയും പുരോഗതിയുടെയും നട്ടെല്ല് അവരാണെന്നും ഈ പ്രമേയം അടിവരയിടുന്നു.മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ദീർഘവീക്ഷണത്തെയും രാജ്യം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെയും ഈ മുദ്രാവാക്യം ഓർമ്മിപ്പിക്കുന്നു.ദേശസ്നേഹവും ദേശീയതയും കേവലം വാക്കുകളിൽ ഒതുങ്ങേണ്ടതല്ലെന്നും, അത് കൃത്യമായ തൊഴിൽ, സർഗ്ഗാത്മകത, ഉത്പാദനക്ഷമത എന്നിവയിലൂടെ തെളിയിക്കേണ്ടതാണെന്നും പൗരന്മാർ വ്യക്തമാക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ഉത്തരവാദിത്തവും തലമുറകൾക്ക് പകർന്നുനൽകുന്നതിൽ കുടുംബങ്ങൾക്കാണ് പ്രാഥമിക പങ്കുള്ളത്; തുടർന്ന് വിദ്യാഭ്യാസ, മാധ്യമ സാംസ്കാരിക സ്ഥാപനങ്ങൾ ഈ മൂല്യങ്ങൾ ശക്തിപ്പെടുത്തണം.
ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും വികസന കുതിപ്പ് തുടരാനും ഈ മുദ്രാവാക്യം വലിയ പ്രചോദനമാണ്.











